
ദോഹ: ഖത്തറിലെ അത്യാധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഇൻകുബേഷൻ പദ്ധതികളും ആഗോളതലത്തിലെ സാങ്കേതിക വിദഗ്ധരെയും സംരംഭകരെയും ആകർഷിക്കുന്നതായി റിപ്പോർട്ട്. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ (QSTP) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'ആർവിസ്' (ARVIS) എന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പിന്റെ വിജയം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചീഫ് ടെക്നോളജി ഓഫീസറായ അർഫാസ് ഖാൻ, സഹസ്ഥാപകരായ അഫ്നാസ് ഖാൻ, മുഹമ്മദ് നസീഫ് എന്നിവർ ചേർന്നാണ് ആർവിസ് ആരംഭിച്ചത്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, പ്രൊഡക്ട് ഡിസൈൻ മേഖലകളിൽ നിന്നുള്ള മലയാളികളായ ഇന്ത്യൻ ടീം, വലിയ കെട്ടിടങ്ങളുടെയും സമുച്ചയങ്ങളുടെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന 'അഡാപ്റ്റീവ് ബിൽഡിംഗ് ഇന്റലിജൻസ്' (ABI) എന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്.
കെട്ടിടങ്ങളിലെ ബി.എം.എസ് (Building Management Systems), എച്ച്.വി.എ.സി (HVAC) തണുപ്പന സംവിധാനങ്ങൾ, എൻവയോൺമെന്റൽ സെൻസറുകൾ എന്നിവയുമായി നേരിട്ട് ബന്ധിപ്പിച്ച് ദിനംപ്രതിയുള്ള പ്രവർത്തന വിവരങ്ങൾ വിശകലനം ചെയ്ത് ഉപദേശങ്ങൾ നൽകാൻ ഈ സംവിധാനത്തിന് കഴിയും.
സൗദി അറേബ്യയിൽ വളർന്ന് ഇന്ത്യയിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ അർഫാസ് ഖാൻ, കേരളത്തിലെയും ഖത്തറിലെയും കെട്ടിട സൗകര്യങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നു. ഖത്തറിലെ അത്യാധുനിക കെട്ടിട സംവിധാനങ്ങളും സെൻസർ സാങ്കേതികവിദ്യകളുമാണ് സ്വന്തം എഞ്ചിനീയറിംഗ് മികവിനെ ഒരു അന്താരാഷ്ട്ര ഉൽപ്പന്നമാക്കി മാറ്റാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിന്റെ (QSTP) പിന്തുണയും പ്രാദേശിക വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന ഇൻകുബേഷൻ സഹായങ്ങളുമാണ് ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതെന്നും, ഖത്തർ ഇന്ന് അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരുടെ പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










